2012, മേയ് 23, ബുധനാഴ്‌ച

തീപ്പന്തത്തെ ഭയക്കേണ്ടതുണ്ടോ?


ഒരുപക്ഷം



ഭയപ്പെടണം തീപ്പന്തത്തെ...


പാരീസിലെ കമ്മ്യൂണുകളില്‍ നിന്നുയിര്‍ക്കൊണ്ട്,
ചിക്കാഗോയിലും, മോസ്കോയിലും
മനുഷ്യരക്തമുണങ്ങിപ്പിടിച്ച തെരുവുകളിലും,
ചോരയെ ചോരകൊണ്ട് നേരിട്ട്,
ചങ്കുവാറ്റിയ എണ്ണപകര്‍ന്ന്,
ബൊളീവിയയിലും, ക്യൂബയിലും,
ബീജിംഗിലും, യാംഗ്സിയിലും,
ഇങ്ങ്,
പുന്നപ്രയിലും, ഒഞ്ചിയത്തും.....
ആളിപ്പടര്‍ന്ന പന്തമിത്..
സ്വയം ആളും,
ചുട്ടുകരിക്കും ചുറ്റുപാടും.

ഭയപ്പെടണം...
ചോരയും മാംസവും ചക്കിലാട്ടിയ
എണ്ണപകര്‍ന്ന
ജ്വലിക്കുന്ന പന്തമിത്...


മറുപക്ഷം


ആര്‍ക്കുപേടി ഈ തീപ്പന്തത്തെ?



വെറുമൊരു തീപ്പന്തത്തെയാര്‍ക്കുപേടി?
കത്തുമ്പോള്‍ മാത്രമേ ചൂടുള്ളൂവതിന്...
കത്തിക്കഴിഞ്ഞാല്‍ വെറും
കരിക്കട്ട..!!
പന്തമണയ്ക്കാന്‍ പല പല മാര്‍ഗ്ഗങ്ങളുണ്ടിന്ന്
പല വാതക, ജലോപാധികള്‍....
വെറുമൊരു കോലും
ആളും തീയ്യും
കൗതുകക്കാഴ്ചമാത്രം...

പന്തത്തെ പേടിക്കുന്ന കാലമൊക്കെക്കഴിഞ്ഞു.
പേടിപ്പിക്കാന്‍ നോക്കണ്ട..
നനഞ്ഞ പടക്കമെ...


ജനപക്ഷം


പാവം പന്തത്തിന് പറയാനുള്ളത്...


നീതിക്കുള്ള പോരാട്ടത്തിന്
വഴിവെളിച്ചമായുയിര്‍ക്കൊണ്ടതാണുഞാന്‍..
വെറുമൊരു വഴികാട്ടിയാമെന്നെ
ശിഖണ്ഡിയായ് മുന്നില്‍ നിര്‍ത്തിയതാണവര്‍...
ചുട്ടുകരിക്കുകയല്ലാ
വഴികാട്ടുകയെന്നതു മാത്രമാണെന്‍ ദൗത്യം..

വെറുതെ വിടുകെന്നെ...
മുക്കിക്കൊല്ലല്ലേ...
എരിച്ചു കരിക്കട്ടയാക്കൊല്ലേ...

വഴികാട്ടുവാനുണ്ട്,
വെളിച്ചമേകുവാനുണ്ടെനിക്കീ
ഭീതിപടര്‍ന്ന
ഇരുണ്ട ഗൂഡലോകവീഥിയില്‍...