2012, മേയ് 23, ബുധനാഴ്‌ച

തീപ്പന്തത്തെ ഭയക്കേണ്ടതുണ്ടോ?


ഒരുപക്ഷം



ഭയപ്പെടണം തീപ്പന്തത്തെ...


പാരീസിലെ കമ്മ്യൂണുകളില്‍ നിന്നുയിര്‍ക്കൊണ്ട്,
ചിക്കാഗോയിലും, മോസ്കോയിലും
മനുഷ്യരക്തമുണങ്ങിപ്പിടിച്ച തെരുവുകളിലും,
ചോരയെ ചോരകൊണ്ട് നേരിട്ട്,
ചങ്കുവാറ്റിയ എണ്ണപകര്‍ന്ന്,
ബൊളീവിയയിലും, ക്യൂബയിലും,
ബീജിംഗിലും, യാംഗ്സിയിലും,
ഇങ്ങ്,
പുന്നപ്രയിലും, ഒഞ്ചിയത്തും.....
ആളിപ്പടര്‍ന്ന പന്തമിത്..
സ്വയം ആളും,
ചുട്ടുകരിക്കും ചുറ്റുപാടും.

ഭയപ്പെടണം...
ചോരയും മാംസവും ചക്കിലാട്ടിയ
എണ്ണപകര്‍ന്ന
ജ്വലിക്കുന്ന പന്തമിത്...


മറുപക്ഷം


ആര്‍ക്കുപേടി ഈ തീപ്പന്തത്തെ?



വെറുമൊരു തീപ്പന്തത്തെയാര്‍ക്കുപേടി?
കത്തുമ്പോള്‍ മാത്രമേ ചൂടുള്ളൂവതിന്...
കത്തിക്കഴിഞ്ഞാല്‍ വെറും
കരിക്കട്ട..!!
പന്തമണയ്ക്കാന്‍ പല പല മാര്‍ഗ്ഗങ്ങളുണ്ടിന്ന്
പല വാതക, ജലോപാധികള്‍....
വെറുമൊരു കോലും
ആളും തീയ്യും
കൗതുകക്കാഴ്ചമാത്രം...

പന്തത്തെ പേടിക്കുന്ന കാലമൊക്കെക്കഴിഞ്ഞു.
പേടിപ്പിക്കാന്‍ നോക്കണ്ട..
നനഞ്ഞ പടക്കമെ...


ജനപക്ഷം


പാവം പന്തത്തിന് പറയാനുള്ളത്...


നീതിക്കുള്ള പോരാട്ടത്തിന്
വഴിവെളിച്ചമായുയിര്‍ക്കൊണ്ടതാണുഞാന്‍..
വെറുമൊരു വഴികാട്ടിയാമെന്നെ
ശിഖണ്ഡിയായ് മുന്നില്‍ നിര്‍ത്തിയതാണവര്‍...
ചുട്ടുകരിക്കുകയല്ലാ
വഴികാട്ടുകയെന്നതു മാത്രമാണെന്‍ ദൗത്യം..

വെറുതെ വിടുകെന്നെ...
മുക്കിക്കൊല്ലല്ലേ...
എരിച്ചു കരിക്കട്ടയാക്കൊല്ലേ...

വഴികാട്ടുവാനുണ്ട്,
വെളിച്ചമേകുവാനുണ്ടെനിക്കീ
ഭീതിപടര്‍ന്ന
ഇരുണ്ട ഗൂഡലോകവീഥിയില്‍...

10 അഭിപ്രായങ്ങൾ:

  1. വീഥി എന്നല്ലെ ശരി..
    എല്ലാ പാർട്ടിക്കാരും കണക്കാണ്…ഒരു പക്ഷം മറുപക്ഷത്തെ പരിഹസിക്കും.. രണ്ടു കാലിലും മന്തുള്ളവൻ മണ്ണിൽ കാലു പൂഴ്ത്തി വെച്ച് ഒരു കാലിൽ മന്തുള്ളവൻ നടന്നുപോകുമ്പോൾ ഹേ മന്തുകാലാ എന്ന് പരിഹസിക്കും പോലെ… മനുഷ്യത്വമുഖം എല്ലാ പാർട്ടിക്കാർക്കും ഉണ്ടായെങ്കിൽ എന്നാശിക്കുന്നു..ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്.. നമ്മൾ സാക്ഷരരാണെങ്കിൽ..!
    നന്നായിട്ടുണ്ട് …ആശംസകൾ..….

    മറുപടിഇല്ലാതാക്കൂ
  2. പാര്‍ട്ടിക്കാരുടെ പന്തങ്ങള്‍... ഹാ..ഹാ... നന്നായി.

    മറുപടിഇല്ലാതാക്കൂ
  3. സമകാലിക പ്രസക്തിയുള്ള വരികള്‍ ,

    തീപ്പന്തം അണയാതെ സൂക്ഷിക്കുക , കരിക്കുവാനല്ല ,

    സകലര്‍ക്കും പ്രകാശമായി ഇരിക്കാന്‍

    മറുപടിഇല്ലാതാക്കൂ
  4. ബുലോകത്തെക്ക് സ്വാഗതം.

    നല്ല ആശയം..പന്തം പോലെ തന്നെ

    നിശ്ചയിക്കപ്പെട്ട ദൌത്യം നിര്‍വഹിക്കാന്‍

    ആവാതെ പോയവ‍ ആണ്‌ പല പ്രകാശ

    ഗോളങ്ങളും നല്ല കണ്ടുപിടിത്തങ്ങളും വരെ..

    ഒക്കെ എറിയാന്‍ ഉപയോഗിക്കുന്നവരുടെ കാഴ്ചപ്പാടിലേക്ക്

    വഴി മാറിപ്പോയി.ഇഷ്ടത്തോടെ അല്ലെങ്കിലും..

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  5. തകര്‍ത്തു മാഷേ....ആളി കത്തട്ടെ...

    മറുപടിഇല്ലാതാക്കൂ
  6. ചുട്ടുകരിക്കുകയല്ലാതെ വഴികാട്ടുക മാത്രമാവട്ടെ തീപ്പന്തങ്ങളുടെ കര്‍ത്ത്യവ്യം. പക്ഷെ , വഴികാട്ടുന്നത് ആര്‍ക്കെന്നും അത് നേരായ വഴിയാണൊ എന്നതും കൂടെ പ്രസക്തമാണെന്ന് തീപ്പന്തവും ഓര്‍ക്കുക എന്ന്‍ മാത്രം

    മറുപടിഇല്ലാതാക്കൂ
  7. ചോരതുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  8. തീപ്പന്തം ആരുടെ കയ്യില്‍ ആണ് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെയും പൊതു സമൂഹത്തിന്റേയും ഭാവി.

    മറുപടിഇല്ലാതാക്കൂ
  9. ബൂലോകത്തേക്ക് സ്വാഗതം. തീപന്തം നല്ലൊരു വഴികാട്ടിയാകട്ടെ. പ്രാദേശികമായുണ്ടായവരും ചുട്ടുകരിക്കാൻ മോശമില്ല. അതല്ലെ അവസ്ഥ.

    മറുപടിഇല്ലാതാക്കൂ
  10. :) വളരെ നല്ല പോസ്റ്റ്‌.. , എന്റെ ബ്ലോഗ്‌ കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....

    മറുപടിഇല്ലാതാക്കൂ

സര്‍ഗ്ഗാത്മകതയുടെ പ്രതിഫലനമല്ലെന്‍ ലക്ഷ്യം..
പ്രതികരിക്കുക എന്നതു മാത്രം...
അതിനെ കവിതയെന്നോ കഥയെന്നോ എന്തുപേരിട്ടുവേണമെങ്കിലും വിളിച്ചോളൂ..